2009 ഒക്‌ടോബർ 10, ശനിയാഴ്‌ച

കേരള ഹോംസ് (ഭാഗം ഒന്ന്)

"പഠിക്കുന്ന സമയത്ത് ഇംഗ്ലീഷ്‌ ചെറുകഥയിലുണ്ടായിരുന്ന ഷെര്‍ലക്ക്‌ ഹോംസിന്റെ കഥയാണ് നിങ്ങളിത് പറഞ്ഞപ്പോള്‍ എനിക്കോര്‍മ്മ വന്നത്.ഒരാളുടെ മുഖവും ഭാവവും രൂപവും നോക്കി അയാളുടെ മുഴുവന്‍ ചരിത്രവും വിളിച്ചോതുന്ന ഒരു മാന്ത്രികനെപ്പോലെയാണയാള്‍.പക്ഷെ അത് കഥയല്ലേ.എന്നാല്‍ ഇത് നിങ്ങള്‍ക്ക് തീര്‍ച്ചയായും മുന്‍കൂട്ടി അറിയാമായിരുന്നിരിക്കും."
"എന്റെ പ്രിയപത്നീ! ഞാന്‍ ആണയിടുന്നു.എനിക്കിത് നീ സമ്മതിച്ചപ്പോള്‍ അല്ലാതെ മുന്‍കൂട്ടി അറിയില്ലായിരുന്നു.മാത്രമല്ല അത് സത്യമാകുമോ എന്നൊരു ശങ്കയും ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ ബോധ്യമായി.എന്റെ നിരീക്ഷണം കണിശമായിരുന്നെന്ന്.സൂക്ഷ്മ നിരീക്ഷണം നടത്തുന്ന ഒരു വ്യക്തിക്ക് തന്റെ നിഗമനം തെറ്റാറില്ല."
"എന്നാല്‍ എങ്ങിനെയാണ് എന്റെ അച്ഛന്‍ ഇവിടെ വന്നതും കരിമീന്‍ കഴിച്ചതും മനസ്സിലായത്‌.""ഇന്ന് രാവിലെ ആഷ്ട്രേ നീയെന്റെ മുമ്പില്‍ വെച്ചല്ലേ വൃത്തിയാക്കിയത്?"
"അതെ"
"ഞാനല്ലാതെ ഈ വീട്ടില്‍ മറ്റാരും പുക വലിക്കാറില്ലല്ലോ?"
"ഇല്ല"
"ഈ ആഷ്ട്രേയില്‍ കിടക്കുന്ന സിഗരറ്റ് കുറ്റി സിസറിന്റെതാണ്.എന്റെ സന്ദര്‍ശകര്‍ ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുണ്ട്.പക്ഷെ അവരാരും നമ്മുടെ വീടിന്റെ ഉള്ളില്‍ വരാറില്ല.പിന്നെ വരാന്‍ സാധ്യത നമ്മുടെ ബന്ധുക്കളാണ്.സാധാരണ ചെറുപ്പക്കാര്‍ അധികവും ഫില്‍റ്റര്‍ ഉള്ള സിഗരറ്റ് ആണ് വലിക്കുക.മാത്രമല്ല,നല്ല മേല്‍ മീശയുള്ള ഞാന്‍ വലിച്ചു കഴിഞ്ഞ സിഗരറ്റ് കുറ്റിയേക്കാളും വലിപ്പമുണ്ട്‌ ഈ ആഷ്ട്രേയില്‍ കിടക്കുന്ന സിസറിന്റെ കുറ്റിയ്ക്ക്.അപ്പോള്‍ തീര്‍ച്ചയായും കട്ടിയുള്ള മീശയും താടിയുമുള്ള ഒരു ചെറുപ്പക്കാരനല്ലാത്ത ഒരാളാവണം ഇത് വലിച്ചത്.നിന്റെ അച്ഛന്റെ മീശയും താടിയും വളരെ പ്രസിദ്ധമല്ലേ.ഇത്രത്തോളം എന്റെ ഊഹമായിരുന്നു.ഈ ഊഹങ്ങളെ പരസ്പ്പരം ബന്ധിപ്പിക്കത്തക്ക രീതിയില്‍ മുറ്റത്ത്‌ പൂച്ചയുടെ വായിലെ മീന്റെ മുള്ളും കൂടി കണ്ടപ്പോള്‍ എന്റെ സംശയം തീര്‍ന്നു.കരിമീന്‍ പ്രിയനായ നിന്റെ അച്ഛനല്ലാതെ മറ്റാര്‍ക്ക് വേണ്ടിയും ഫ്രീസറില്‍ നിന്ന് നീ മീനെടുക്കില്ല എന്ന് നല്ലത് പോലെ അറിയാം.ആട്ടെ,എനിക്ക് വിശക്കുന്നു.ചോറെടുത്ത് വെയ്ക്ക്."
കണ്ടല്ലോ എന്റെ പ്രിയ വായനക്കാരേ,ഇതാണ് എന്റെ ഭര്‍ത്താവ്‌.കല്യാണം കഴിഞ്ഞ ആദ്യ രാത്രി മുതല്‍ എന്നെ ഇത്തരത്തിലുള്ള പ്രവചനങ്ങള്‍ നടത്തുകയും പിന്നെ അതിന്റെ സാധുതകള്‍ വിവരിച്ചു തന്നു എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്യുമായിരുന്നു.അദ്ദേഹത്തിന്റെ വിശദീകരണം കേട്ട് കഴിഞ്ഞാലാണ് ഇത് ഇത്രക്കും നിസ്സാരമായിരുന്നെന്നും നമുക്കും ചിന്തിച്ചു കണ്ടുപിടിക്കാമായിരുന്നെന്നും മനസ്സിലാവുക.പക്ഷെ നമ്മള്‍ നോക്കുമ്പോള്‍ കണ്ണിനു മുന്‍പിലുള്ളത് മാത്രമേ കാണുന്നുള്ളൂ.അദ്ദേഹമാവുമ്പോള്‍ അതിന്റെ സാധുതകളും മാര്‍ഗ്ഗങ്ങളും കൂട്ടി കിഴിച്ച് വ്യക്തമായ ഒരു ഉത്തരം നമുക്ക്‌ തരുന്നു.പിന്നീടതിന്റെ വിവരണവും.പ്രൈവറ്റ് ഡിറ്റക്ടീവ്‌ ആയി ജോലി ചെയ്യുന്ന അദ്ദേഹത്തെ നിങ്ങള്‍ക്ക് നേരില്‍ പരിചയം ഉണ്ടാവില്ല.പക്ഷെ ഒരു പാട് കുഴഞ്ഞു മറിഞ്ഞ കേസുകള്‍ക്ക്‌ അദ്ദേഹം പോലീസിനെ സഹായിച്ചിട്ടുണ്ട്.പ്രശസ്തി ഇഷ്ടപ്പെടാത്ത അദ്ദേഹം കേസുകള്‍ വ്യക്തമായി പഠിച്ചു അവസാനം കുറ്റവാളിയെ കണ്ടെത്തി പോലീസിനു കൈമാറുന്നു.അതിന്റെ സര്‍വ്വ ക്രെഡിറ്റുംപോലീസിനാണെങ്കിലും അദ്ദേഹത്തിന് അതില്‍ വിഷമമുണ്ടായിരുന്നില്ല.ഇന്ന്‍ എന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല.അത് കൊണ്ട് തന്നെ അദ്ദേഹം നിരീക്ഷിച്ചു വിജയിച്ച പല കേസുകളും ഞാനിപ്പോള്‍ വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ്.വിജയിച്ചതിന്റെ ക്രെഡിറ്റ് കീശയിലിട്ടു നടക്കുന്ന പല ഏമാന്‍മാര്‍ക്കും ഇത് ഒരു തിരിച്ചടിയാവും.നിങ്ങള്‍ ക്ഷമിക്കുക.കാരണം എന്റെ പ്രിയപ്പെട്ടവന്റെ സത്യത്തിനു വേണ്ടിയുള്ള സേവന തല്പ്പരത ജനങ്ങളെ അറിയിക്കേണ്ടത് ഒരു ഭാര്യ എന്ന നിലയില്‍ എന്റെ ധാര്‍മിക ഉത്തരവാദിത്വമാണ്. 19 വര്‍ഷം മാത്രമാണ് ഞങ്ങളുടെ ദാമ്പത്യം നിലനിന്നത്.അദ്ദേഹത്തിന്റെ വേര്‍പാടിന് ശേഷം ഇത് എഴുതുമ്പോള്‍ എന്റെ തൂലികയുടെ പരിധി നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.1991 മേയ്‌ 16 അന്നാണ് ആ എഴുത്ത് ഇവിടെ വന്നത്.ഈ തിയ്യതി ഞാന്‍ ഒരിക്കലും മറക്കില്ല.കാരണം അതിന്റെ കൃത്യം 5 വര്‍ഷം മുമ്പാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്.വളരെ നല്ല കയ്യക്ഷരത്തിലുള്ളതായിരുന്നു ആ എഴുത്ത്.വിവാഹ വാര്‍ഷിക ദിനത്തില്‍ ഞങ്ങളുടെ സന്തോഷം ഇല്ലായ്മ ചെയ്യത്തക്ക രീതിയില്‍ ഒരു വലിയ ചിന്തയിലേക്ക് അദ്ദേഹത്തെ ഈ എഴുത്ത് തള്ളിയിട്ടു. (തുടരും)

2 അഭിപ്രായങ്ങൾ:

  1. ബൂലോകത്തേയ്ക്ക് സ്വാഗതം.

    ഹോംസിന്റെ അതേ ശൈലി!!! തുടരൂ.

    [പാരഗ്രാഫ് തിരിച്ച് എഴുതിയാല്‍ കൂടുതല്‍ നന്നായിരിയ്ക്കും]

    മറുപടിഇല്ലാതാക്കൂ
  2. നന്ദി. തീര്‍ച്ചയായും ശ്രമിക്കാം. താങ്കളുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ