2009 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

കേരള ഹോംസ് (ഭാഗം ആറ്)

"സ്മിതാ, സൂര്യന്റെ പര്യായ പദങ്ങള്‍ എന്തെല്ലാമാണ്?"
"എന്ത് പറ്റി ഇപ്പോള്‍ പര്യായം പഠിക്കുകയാണോ?സൂര്യന് അര്‍ക്കന്‍,ഭാസ്ക്കരന്‍,ദിവാകരന്‍ ......"
"അപ്പോള്‍ രവിയോ?"ഇടയ്ക്കു കയറി അദ്ദേഹം ചോദിച്ചു.
"അതും സൂര്യന്റെ പര്യായം തന്നെ"ഞാന്‍ പറഞ്ഞു.
"ഞാന്‍ എന്ത് വിഡ്ഢിയാണ് മോളേ.മലയാളത്തില്‍ ബിരുദാനന്തര ബിരുദം എടുത്ത എഴുത്തുകാരി കൂടിയായ എന്റെ ഭാര്യയോടു എനിക്കിത് ആദ്യം ചോദിക്കാമായിരുന്നു"
"അതിനിപ്പോള്‍ എന്ത് പറ്റി?"
"അതല്ല ivar - the sun എന്നത് ഒരു പ്രഹേളികയൊന്നും ആയിരുന്നില്ല. ivar എന്നത് തിരിച്ചിട്ടാല്‍ ravi ആകും എന്ന് ഏത് കുട്ടിക്കും അറിയാം.എന്നാലും അത് സൂര്യനുമായി ബന്ധപ്പെട്ടു നില്‍ക്കുന്നത് അബൂബക്കറിന്റെ വിവരണവും കൂടിയായപ്പോള്‍ ആണ് എനിക്ക് ബോധ്യപ്പെട്ടത്‌.ഞാന്‍ എന്തൊരു മണ്ടന്‍.അല്ലേ സ്മിതേ..."
"അത് ശരി ! അപ്പോള്‍ രവി എന്ന് പേരുള്ള ഒരാളാണ് ഈ കൊലപാതങ്ങള്‍ നടത്തുന്നത് . എന്ത് കൊണ്ടാണ് അയാള്‍ സ്വന്തം പേര് വെച്ച് കൊലപാതങ്ങള്‍ നടത്തുന്നത്"
"ഒരു പക്ഷെ 'രവിയും' 'സൂര്യനും' എല്ലാം രാധികയുടെയും രവിയുടെയും ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടാവും.അത് നമ്മുടെ വിഷയമല്ല.ഇപ്പോള്‍ അബൂബക്കറിന്റെതാണ് നിലവിലെ പ്രശ്നം."
"കത്തുകളിലെ സൂചന മറ്റു രണ്ടു പേര്‍ക്കും മനസ്സിലായിരുന്നില്ല.ഒരു പക്ഷെ അതാവും അബൂബക്കറിനോട് 'അവര്‍ക്ക് പ്രയോഗിക്കുവാന്‍ കഴിയാത്ത ബുദ്ധി നിങ്ങള്‍ പ്രയോഗിക്കുക' എന്ന് പറഞ്ഞത്."
"മോളേ സ്മിതേ , അതാകാം അല്ലായിരിക്കാം. അത് വിട്ടു കളയൂ ഈ കോഡില്‍ നിന്നും നിനക്കെന്തു മനസ്സിലായി?"
" കഴിഞ്ഞ കത്തില്‍ 'സരിഗമ'എഴുതിയപ്പോളും ഇതിലെ 'സുഹൃത്തേ'എന്നെഴുതിയപ്പോഴും രണ്ടിന്റേയും 'സ'എന്നക്ഷരം മുകളിലേക്ക് വളഞ്ഞാണ് ഇരിക്കുന്നത്"
"രണ്ടും ഒരാളാണ് നടത്തിയത് എന്ന് വ്യക്തമായിരിക്കെ,പിന്നെ അതിനെ ചൊല്ലി ഇത്ര ആലോചിക്കാന്‍ എന്ത്.കത്ത് വിടൂ.അതിലെ രഹസ്യ സന്ദേശമാണ് വിഷയം."
ഞാന്‍ വലിയ ബുദ്ധിമതി പോലെ കണ്ടെത്തിയതിന് അദ്ദേഹം തീരെ പ്രാധാന്യം കൊടുത്തില്ല.
"എന്നാല്‍ പിന്നെ നിങ്ങള്‍ തന്നെ പറയൂ" എനിക്കല്‍പ്പം ദേഷ്യം വരാതിരുന്നില്ല.
"ചൂടാകല്ലേ പ്രിയേ,ഇവിടെ 3:185 എന്നത് ഒരു പക്ഷെ ഒരു പുസ്തകത്തെ കുറിച്ചായിരിക്കും സൂചിപ്പിക്കുന്നത്"
"ശരിയാ.ആ പുസ്തകത്തിലെ മൂന്നാമത്തെ അദ്ധ്യായത്തില്‍ 185 മത്തെ പേജ് എന്നാവും"
എന്റെ ദേഷ്യം മാറി ഒരു ഉണര്‍വ് വന്നപോലെ.
"വിഡ്ഢിത്തം പറയല്ലേ എന്റെ പൊന്നേ..അദ്ധ്യായം പറഞ്ഞാല്‍ പിന്നെ പേജ് നമ്പറിന്റെ ആവശ്യമുണ്ടോ?അല്ലെങ്കില്‍ പേജ് നമ്പര്‍ പറഞ്ഞ സ്ഥിതിക്ക് അദ്ധ്യായത്തിന് എന്ത് പ്രസക്തി അത് മാത്രമല്ല.എല്ലാവരുടെ കയ്യിലുള്ള പുസ്തകങ്ങളില്‍ പേജ് നമ്പര്‍ വ്യത്യാസം വരില്ലേ"
പോയ ദേഷ്യത്തെ മുഖത്ത് വീണ്ടും വരുത്തി ഞാന്‍ മുഖം കയറ്റി പിടിച്ചിരുന്നു.പിന്നെ പതിഞ്ഞ സ്വരത്തില്‍ ഇങ്ങിനെ പറഞ്ഞു.
"ഒരു പക്ഷെ എല്ലാവരുടെയും കയ്യിലുള്ള ഒരു പുസ്തകമാവും.അപ്പോള്‍ പേജ് നമ്പര്‍ ഒന്നാകാന്‍ സാദ്ധ്യതയില്ലേ"
" അത് കലക്കി മോളേ . ഇപ്പോള്‍ നിനക്ക് നൂറില്‍ നൂറ് മാര്‍ക്ക്" എനിക്ക് ആത്മവിശ്വാസം കൂടി.ഞാന്‍ തുടര്‍ന്നു.
"ഒരു പക്ഷെ അതൊരു ബൈബിളാണെങ്കിലോ.മൂന്നാമത്തെ സുവിശേഷത്തിലെ 185 മത്തെ വചനം എന്നാവും ഉദ്ദേശിച്ചിരിക്കുക."
സെന്റ്‌ തോമാസ് സ്കൂളിലും ലിറ്റില്‍ ഫ്ലവര്‍ കോളേജിലും പഠിച്ചവളായ എന്നോടാണോ കളി എന്ന ഭാവത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.
"വെല്‍ഡണ്‍! മോളേ . ഇപ്പോള്‍ നീ പുരോഗമിക്കുന്നുണ്ട്. പക്ഷെ ബുദ്ധിയോടൊപ്പം യാഥാര്‍ത്ഥ്യ ബോധവും കൂടി ചേര്‍ക്കണം.ഏത് സുവിശേഷത്തിലാണ് നൂറില്‍ കൂടുതല്‍ വചനങ്ങള്‍ ഉള്ളത്.ക്രിസ്ത്യാനികളുടെ സ്കൂളില്‍ പഠിച്ചത് കൊണ്ടായില്ല.ബൈബിള്‍ ഒന്ന് വായിച്ചു നോക്കണം."
ഇതൊന്നും കേട്ടിട്ട് ഞാന്‍ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല.
"ഒരു പക്ഷെ അത് വല്ല അപ്പോസ്തല ലേഖനമാവും അല്ലെങ്കില്‍ പഴയ നിയമത്തിലെ....."
" നോ.നോ.നെവെര്‍ .സംഗീത അദ്ധ്യാപികയായ സുമതി ടീച്ചര്‍ക്ക്‌ വന്നത് സംഗീതവുമായി ബന്ധപ്പെട്ട സൂചനയായിരുന്നു.രാധികയുടെ മരണത്തിനു മുന്‍പ് വന്ന കത്തിലെ രഹസ്യ സന്ദേശത്തെ കുറിച്ച് നീ പത്രത്തില്‍ വന്നത് ഓര്‍ക്കുന്നില്ലേ.ഒരു പാട് ടെലിഫോണ്‍ നമ്പറുകള്‍ ആയിരുന്നു അത്.ആ നമ്പറുകള്‍ ഇംഗ്ലീഷ്‌ ആല്‍ഫബറ്റിലെ ഓരോ അക്ഷരത്തെയും ആണ് പ്രതിനിധാനം ചെയ്തിരുന്നതെന്ന് പോലീസിന് പിന്നീടാണ് മനസ്സിലായത്‌."
"എങ്കില്‍ പിന്നെ ഇതെന്താവും"
"മുസ്‌ലിം പുരോഹിതനായ ഇദ്ദേഹത്തിന്റെ വേദഗ്രന്ഥം ഖുറാന്‍ അല്ലേ ? അതില്‍ പത്തിരുന്നൂറോളം വചനങ്ങളുള്ള അദ്ധ്യായം ഞാന്‍ വായിച്ചതായി എനിക്കോര്‍മയുണ്ട്.നീയാ ഷെല്‍ഫില്‍ നിന്ന് ഖുറാന്‍ മലയാള പരിഭാഷ എടുക്കൂ.അതില്‍ മൂന്നാമത്തെ അദ്ധ്യായത്തിലെ 185 മത്തെ വചനം നോക്കൂ."
(തുടരും)

1 അഭിപ്രായം: